പാക്കിസ്ഥാന് വേണ്ടി ചാരപ്പണി: യുവവനിതാ വ്ലോഗർ പിടിയിൽ

ന്യൂ‍ഡൽഹി: പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയതിന് ഹരിയാനയിൽ യുവതി അറസ്റ്റിലായി. യുവവനിതാ വ്ലോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന യുവതി, 2023ൽ മാത്രം 2 തവണ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലുമായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നും ഹിസാർ സ്വദേശിനിയായ യുവതിയ്‌ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവർത്തിയുടെ പേരിൽ ഈ ആഴ്ച ഹരിയാനയിൽ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്.

1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷൻ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.