കൊച്ചി/കണ്ണൂര്‍: അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും എറണാകുളം അശമന്നൂർ സ്വദേശിയുമായ സവാദ് എൻഐഎ പിടിയിൽ. കണ്ണൂർ മട്ടന്നൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലയത്. സവാദ് കഴിഞ്ഞ 13 വർഷമായി ഒളിവിലായിരുന്നു.

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദായിരുന്നു. കണ്ണൂർ മട്ടന്നൂരിൽ ഷാജഹാൻ എന്നപേരിൽ ഒളിവിൽ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് കൈവെട്ട് കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദ് പിടിയിലായത്.


എൻഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെ കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.2010 ജൂലൈ നാലിനായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിനുനേരെയാണ് ആക്രമണം ഉണ്ടായത്. കോളേജിലെ രണ്ടാംസെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.























