തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങ് ദിവസം സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം.

രാമക്ഷേത്രം ഭാരതത്തിൻ്റെ ദേശീയ അഭിമാനസ്തംഭമാണ്. രാമനാണ് ഭരണനിർവഹണത്തിൻ്റെ കാര്യത്തിൽ നമ്മുടെ നാടിൻ്റെ മാതൃക. പ്രതിഷ്ഠാ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരിക്കുന്ന മുഹൂർത്തമാണ്. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞുചേർന്ന വികാരമാണ്. സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


നേരത്തേ പ്രതിഷ്ഠാദിനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചത്.























