
തിരുവനന്തപുരം: അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം സമാപന വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാലും പങ്കെടുത്തു. കേരളീയം നല്ല പരിപാടിയാണെന്ന് ഒ രാജഗോപാൽ പറഞ്ഞു. പ്രധാനപ്പെട്ട പരിപാടി ആയതിനാൽ പങ്കെടുക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം കേരളീയം സദസിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.


ബിജെപി ഗുരുതരം ആരോപണങ്ങൾ ഉന്നയിക്കുകയും ധൂർത്താണെന്ന ആക്ഷേപിക്കുകയും ചെയ്ത് ബഹിഷ്കരിച്ച പരിപാടിയിലാണ് ഒ രാജഗോപാൽ പങ്കെടുത്തത്.’കേരളീയം പ്രധാനപ്പെട്ട പരിപാടിയല്ലേ. അതിൽ പങ്കെടുക്കണമല്ലോ. മുഖ്യമന്ത്രി നടത്തുന്ന പ്രധാന പ്രഖ്യാപനങ്ങളൊക്കെ ഉള്ള പരിപാടിയാണ്. ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.കണ്ണടച്ച് എതിർക്കുന്നവരല്ല. ന്യായമായ കാര്യങ്ങൾ ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യും. കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസായും അതിൽ മാറ്റമില്ലെന്നും’- അദ്ദേഹം പറഞ്ഞു.























