കോഴിക്കോട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം

കോഴിക്കോട്: കോഴിക്കോട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം വൈകിട്ട് നാലരയ്ക്ക് തുടങ്ങും. ഓൺലൈൻ ആയിട്ട് ചേരുന്ന യോഗത്തിൽ അഞ്ച് മന്ത്രിമാരടക്കം പങ്കെടുക്കും.

ജില്ലയിലെ നിപ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം പൂർണ സജ്ജമാക്കിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. രോഗബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.