നിപ ; ഇന്ന് 7 സാമ്പിളുകള്‍ കൂടി നെഗറ്റീവായി, ചികിത്സയിലുള്ള 9 വയസ്സുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കോഴിക്കോട്: നിപ പരിശോധനയില്‍ ഇന്ന് 7 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. 6 സാമ്പിളുകളുടെ പരിശോധനാഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

981 പേരാണ് ഐസൊലേഷനിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. അതേസമയം വടകരയിലെ 9 ഗ്രാമപഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മാറ്റിയതോടെ പതിവ് സ്ഥിതിയിലേക്ക് ജനജീവിതം മടങ്ങുകയാണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കാനും നിര്‍ദേശം ഉണ്ട്. ഇളവ് നല്‍കിയെങ്കിലും പൊതുനിര്‍ദ്ദേശങ്ങളില്‍ മാറ്റം ഉണ്ടാവില്ല.