നോട്ടീസ് വിവാദം; ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ ‘രാജകുടുംബം’ പങ്കെടുക്കില്ല

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. പരിപാടിയുടെ നോട്ടീസ് വിവാദമായ പശ്ചാത്തലത്തിലാണ് വിട്ടുനില്‍ക്കല്‍. അനാരോഗ്യം മൂലം വരുന്നില്ലെന്നാണ് രാജകുടുംബാംഗങ്ങള്‍ അറിയിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്തഗോപന്‍ പറഞ്ഞു.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്പാർച്ചന മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം.