തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തി കേസെടുത്തു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന പൂന്തുറ സ്വദേശി നയാസിനെതിരേയാണ് നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

അന്വേഷണത്തിന് ശേഷം മാത്രമേ അക്യുപങ്ചർ ചികിൽസ നൽകിയ ആളെ പ്രതിയാക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ആധുനിക ചികിൽസ നൽകാതെ വീട്ടിൽ പ്രസവിക്കാൻ ഭർത്താവ് നിർബന്ധിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരും വാർഡ് കൗൺസിലറും സമാനമായ മൊഴിയാണ് നൽകിയത്.


അതേസമയം അമ്മയുടെയും കുഞ്ഞിന്റെയും മരണം നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ഗുരുതരമായ കുറ്റകൃത്യമെന്നും നൽകിയത് അംഗീകരമില്ലാത്ത ചികിൽസയായതിനാൽ നിയമനപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.























