തൃശൂര്‍: ലൂര്‍ദ് കത്തീഡ്രൽ ദേവാലയത്തിലെ മാതാവിന്റെ രൂപത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വർണക്കിരീടം താഴെ വീണ് പൊട്ടിയതിൽ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാർഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്ഭാഗം വേര്‍പെട്ടത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേരത്തെ നേര്‍ച്ചയുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്ഗോപി അറിയിച്ചത്. ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ എത്തിയിരുന്നു.


കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം.























