അയോധ്യയിലെ ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്തുവിട്ടു

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ച പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്വർണത്താല്‍ നിർമ്മിച്ച അമ്പും വില്ലും കൈകളിലേന്തി നിൽക്കുന്ന അഞ്ച് വയസ് പ്രായമുള്ള രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മൈസൂരിൽ നിന്നുള്ള ശില്പി അരുൺ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശില കൊണ്ട് നിർമ്മിച്ചത്. വിഗ്രഹത്തിന്റെ നേരത്തെ പകർത്തിയ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. നിലവിൽ രാംലല്ല വിഗ്രഹത്തിന്‍റെ മുഖവും മാറിടവും തുണി കൊണ്ട് മറച്ച നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷ്ഠാദിനത്തിൽ പൂജകൾക്കുശേഷം വിഗ്രഹം പൂര്‍ണമായും കാണാനാകും.