ബാറിൽ ഏറ്റുമുട്ടൽ, പെട്രോൾ ഒഴിച്ച് തീ കൊളുത്തി, മൂന്നുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുഖ്യപ്രതി അനീഷ് പെട്രോൾ വാങ്ങി വരുന്നതും അക്രമം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെമ്പായത്തെ ബാറിൽ രണ്ട് സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ബാറിലെ എ സി മുറിയിൽ ഇരുന്നു മദ്യപിക്കുന്നതിന് ഇടയിലായിരുന്നു സംഘർഷം. മദ്യപിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന നവാസ് എന്നയാൾ അനീഷിന്റെ മുഖത്തടിച്ചു. അതിൽ പ്രകോപിതനായ അനീഷ് പുറത്തേക്ക് പോകുകയും ഒരു കന്നാസിൽ നിറയെ പെട്രോളുമായി തിരിച്ചു വരുകയുമായിരുന്നു. തിരിച്ചു വരുന്നതിനിടെ, മദ്യപിച്ചിരുന്ന അനീഷ് പലതവണ തെന്നി വീഴുകയും ചെയ്തു. അനീഷിന്റെ ശരീരത്തിലും പെട്രോൾ വീണു.

ഇതിനിടെ മദ്യപിച്ചിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീ വെയ്ക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ 3 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ, നൗഫൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ അനീഷിന്റെ നില ഗുരുതരമാണ്.