ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തില്‍ ഇന്ത്യയ്ക്ക് പകരം ‘ഭാരത്’

ഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിലാണ് ഭാരതത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ഭാരത് എന്ന ബോര്‍ഡിനൊപ്പം ദേശീയപതാകയും വച്ചിരുന്നു.

ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് പ്രയോഗിച്ചിരുന്നു. മുമ്പ് മോദിയുടെ ഇന്തോനേഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാക്കിയിരുന്നു. ഇതൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇന്ത്യ എന്ന് പ്രയോഗം അവസാനിപ്പിച്ച് ഭാരത് എന്നു ഉപയോഗിച്ചു തുടങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അസമില്‍ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയുടെ പേര് ഭാരത് എന്നു മാത്രമാക്കുന്നതിനെ അനുകൂലിച്ച് വിഎച്ച്പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട്.അതേസമയം, ജി20 ഉച്ചക്കോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. യു.എസ് ഉൾപ്പടെ പ്രധാനപ്പെട്ട രാജ്യങ്ങളുടെയെല്ലാം തലവൻമാർ ഉച്ചക്കോടിയിൽ പ​ങ്കെടുക്കുന്നുണ്ട്.