തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടര്‍ന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയതിനു പിന്നില്‍ പ്രണയ പരാജയമെന്നു കുടുംബം പരാതിയില്‍ പറയുന്നു.

ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി താരമായ മിഥു, ബോൾ ബാഡ്മിന്റണിലും ആർച്ചറിയിലും ദേശീയ തലം വരെ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ധനുവച്ചപുരം വി ടി എം എൻ എസ് എസ് കോളേജിലെ പഠനത്തിന് ഇടയിൽ ആണ് യുവാവും നെയ്യാറ്റിൻകര സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നത്. അഞ്ച് വർഷത്തെ പ്രണയം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ 2024 നവംബർ മാസം വിവാഹം നടത്താം എന്നുള്ള ധാരണയിൽ വരെ എത്തി നിൽക്കുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ.


മിഥു മോഹൻറെ 3 പേജുള്ള ആത്മഹത്യ കുറുപ്പിൽ പറയുന്നത് അനുസരിച്ച് ഐഫോണും ലാപ്ടോപ്പും ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പെൺകുട്ടിക്ക് ഇയാൾ വാങ്ങി നൽകിയത്. പെൺകുട്ടി പിജി പഠനത്തിനായി പോയപ്പോൾ മുതലാണ് ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്. ഒരുമാസമായി യുവാവിനെ പെൺകുട്ടി പൂർണമായി ഒഴിവാക്കാൻ ശ്രമിച്ചതോടെ ഇയാൾ വിഷാദത്തിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
പിന്നാലെ മിഥുവിന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല എന്നും തുടര്‍ന്നു മിഥു മോഹനെ ഫോണില്‍ വിളിച്ച് നിനക്ക് ചത്തൂടെ എന്നു ചോദിച്ചുവെന്നും പരാതിയിലുണ്ട്.























