പീഡിപ്പിക്കപ്പെട്ട് 12കാരി രക്തം വാര്‍ന്ന നിലയില്‍ തെരുവില്‍, ആട്ടിയോടിച്ച് നാട്ടുകാര്‍: ഞെട്ടിക്കുന്ന കാഴ്ച

ഉജ്ജയിന്‍: ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പക്ഷെ ആരും സഹായിക്കാൻ തയ്യാറായില്ല. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ആളുകൾ പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയാണ് ചെയ്തത്. ആരും സഹായിക്കാൻ തയ്യാറായില്ല. ചിലരാകട്ടെ പെണ്‍കുട്ടിയെ ആട്ടിയോടിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പെൺകുട്ടി ഒടുവിൽ ഒരു ആശ്രമത്തിലെത്തി. അവിടെയുള്ള സന്യാസി ധരിക്കാന്‍ വസ്ത്രം നല്‍കി. അദ്ദേഹം ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു.

പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.