മഞ്ചേരി: അബദ്ധത്തിൽ കണ്ണില്‍ കൈ തട്ടിയ എൻസിസി കേഡറ്റ് ജിന്റോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേരിയില്‍ നടന്ന നവകേരള സദസ്സിനിടെ അബദ്ധത്തില്‍ ജിന്റോയുടെ കൈ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയിരുന്നു. ഇത് ചുരുങ്ങിയ നിമിഷം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

പി വി അന്‍വര്‍ എം.എല്‍.എയുടെ വസതിയില്‍ വെച്ചാണ് ജിന്റോയെ പിണറായി വിജയന് കണ്ടത്. ജിന്റോയെ അടുത്തുനിര്‍ത്തി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അബദ്ധത്തില്‍ പറ്റിയതാണെന്ന് തനിക്കാറിയാമെന്നും നന്നായി പഠിക്കണമെന്നും പറഞ്ഞു. സമ്മാനമായി ഒരു പേന നല്‍കിയാണ് ജിന്റോയെ മുഖ്യമന്ത്രി തിരിച്ചയച്ചത്. മഞ്ചേരി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ.


നവകേരള സദസ്സില്‍ മന്ത്രിമാരെ സ്വീകരിക്കാനെത്തിയതായിരുന്നു ജിന്റോ. എന്നാല്‍ മുഖ്യമന്ത്രിയെ സ്വീകരിച്ച ശേഷം തിരിച്ചുമടങ്ങുമ്പോള്‍ ജിന്റോയുടെ കൈ അബദ്ധത്തില്‍ മുഖ്യമന്ത്രിയുടെ കണ്ണില്ത്തട്ടുകയായിരുന്നു.























