മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിയുടെ പരാമർശം രാജ്യത്തിന്റെ നിലപാടല്ലെന്ന് മാലിദ്വീപ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

മന്ത്രിമാരായ മറിയം ഷിവുന, മൽഷൻ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ​ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങൾ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുൾപ്പടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു.

സംഭവത്തിൽ ഇന്ത്യ മാലദ്വീപിനെ കടുത്ത അതൃപ്തിയും അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാർ ട്വീറ്റുകൾ നീക്കം ചെയ്തു. തുടർന്നാണ് മന്ത്രിയുടെ പരാമർശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്.