
കാസര്‍ഗോഡ് : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ കേരളത്തിലേത് ഉള്‍പ്പെടെ ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ ഉടനെത്തുമെന്ന് അദ്ദേഹം പറഞ്ഞു.


വന്ദേഭാരത് ടൂറിസം വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിനിന്റെ കന്നിയാത്ര. 27–ാം തിയതി മുതല്‍ റഗുലര്‍ സര്‍വീസ് ആരംഭിക്കും.
കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.























