കൊല്ലത്ത് 80 വയസ്സുള്ള വൃദ്ധയെ മര്‍ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയില്‍

കൊല്ലം: വയോധികയെ മർദിച്ച സംഭവത്തിൽ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. 80 വയസുള്ള ഏലിയാമ്മാ വർഗീസിനാണ് മർദനമേറ്റത്. ഹയർ സെക്കൻഡറി അധ്യാപികയായ മരുമകൾ മഞ്ജു മോൾ തോമസാണ് അറസ്റ്റിലായത്.

വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.