ലക്ഷങ്ങളുടെ ആസ്തിയും 2 വീടുമെന്ന പ്രചാരണം; ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചതിന് വ്യാജ പ്രചരണം നടത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി. ഭൂമിയില്ലെന്ന് മന്നാംങ്കണ്ടം വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുക.

ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി.പി.എം. അനുകൂലികള്‍ നടത്തിയ ആരോപണം.

അപകീര്‍ത്തിക്കേസും നല്‍കുമെന്നും മറിയക്കുട്ടി അറിയിച്ചു. മറിയക്കുട്ടിക്ക് നിയമസഹായം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.