പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയ പതിനാറുകാരി മരിച്ചു

മാനന്തവാടി: പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്.