കൊല്ലത്ത് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തൂങ്ങിക്കിടന്ന വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ചു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് വിദ്യാർഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളിൽ കൂടി വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാർ ആരോപിച്ചു. രാവിലെ കുട്ടികൾ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളിൽ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂൾ ടെറസിനോട് വളരെ ചേർന്നാണ് ലൈൻ കമ്പി പോകുന്നത്. കയറുന്നതിനിടെയിൽ അറിയാതെ കുട്ടി കമ്പിയിൽ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാൽ ലൈൻ കമ്പി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ അപകടകരമായ രീതിയിൽ സ്പർശിച്ചിരുന്നത് മുൻപ് തന്നെ സ്‌കൂൾ അധികൃതരുടെ ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.