തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും. 2024 ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് മറ്റൊരു ആകർഷണമായിരിക്കും. അർമേനിയൻ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫീമേൽ ഗെയ്‌സ്’ എന്ന പേരിൽ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കൻ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റീസ്‌റ്റോർഡ് ക്ലാസിക്‌സ് എന്നിവയുണ്ടാകും. പി. ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തിൽ മൂന്നു ചിത്രങ്ങളും പ്രദർശിപ്പിക്കും.

13000ൽപ്പരം ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

























