കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാൾ കൂടി മരിച്ചു. കൊല്ലം മൺറോത്തുരുത്ത് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. അണലിയാണ് രാജേന്ദ്രനെ കടിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച അരിനെല്ലൂരിലെ മകളുടെ വീടിനു മുമ്പിൽ വെച്ചാണ് രാജേന്ദ്രന് പാമ്പുകടിയേറ്റത്.

കാഴ്ചവൈകല്യമുള്ള ആളാണ്. രാത്രി ഭക്ഷണം കഴിച്ചശേഷം പുറത്തെ ചായ്പിലേക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം. ചായ്പിലുള്ള കട്ടിലിൽ കിടന്ന പുതപ്പ് താഴെ വീണിരുന്നു. അതെടുത്തപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ കൊല്ലത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

























