ചാണ്ടി ഉമ്മന്റെ ജയം; ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നനിലയിലാണ് വാർത്തകളെന്നും ഇതിന്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ എൽ.ഡി.എഫ്. ആകെ ദുർബലപ്പെട്ടു, സർക്കാർ പ്രയാസത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരുകണക്കിന് ഇത് നല്ലതാണ്. യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരവും അധികാരം പങ്കിടുന്ന ചർച്ചകളും വളരും, മന്ത്രി പറഞ്ഞു. പുതുപ്പള്ളിയിൽ ജനവിധി മാനിക്കുന്നു എന്ന് പറഞ്ഞ റിയാസ്, എന്തെങ്കിലും കാര്യങ്ങൾ പരിശോധിക്കാനുണ്ടെങ്കിൽ അത് വിശകലനം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

കേരള ചരിത്രത്തിൽ ജനപ്രതിനിധി മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ അടുത്ത ബന്ധു മത്സരിച്ച അവസരങ്ങളിലെല്ലാം മരിച്ച ആളോടുള്ള സഹതാപം എന്ന നിലയിൽ മത്സരിച്ചയാൾ വിജയിച്ചിട്ടുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നല്ലെന്നും ജനാധിപത്യത്തിൽനിന്ന് രാഷ്ട്രീയത്തെ ചോർത്തിക്കളയുന്ന, നാടിന്റെ വികസനകാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളെ അപ്രസക്തമാക്കുന്ന അരാഷ്ട്രീയ നടപടിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.