മൊറോക്കോയില്‍ ഭൂചലനം: മരണം 632 ആയി, 329 പേർക്ക് പരിക്ക്

റാബത്ത്: മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 632 പേര്‍ മരിച്ചു. 329 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങളെഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. മരാക്കേഷ് നഗരത്തിന് സമീപം വെള്ളിയാഴ്ച രാത്രി 11.11-ഓടെയായിരുന്നു ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

സെക്കന്‍ഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നതേയുള്ളു എന്ന് അധികൃതര്‍ അറിയിച്ചു.