ദൈവനാമത്തിൽ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎൽഎ

തിരുവനന്തപുരം : പുതുപ്പള്ളി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഹസ്തദാനം നൽകി. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. ഫോട്ടോ സെഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഇന്ന് പുനരാരംഭിച്ച പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്.

പുതുപ്പള്ളി ഹൗസിൽ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും പ്രശ്‌നങ്ങളും കേട്ടറിഞ്ഞ ശേഷമായിരുന്നു പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് ചാണ്ടി ഉമ്മൻ യാത്ര തിരിച്ചത്. പഴവങ്ങാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയ പിന്നാലെ ആറ്റുകാൽ ക്ഷേത്രവും സന്ദർശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലേക്കാണ്. പ്രാർത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയിൽ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് പോയത്.