ഇസ്രയേലിൽനിന്നും ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം നാളെ എത്തും

ഇസ്രയേലില്‍ നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ പുലര്‍ച്ചെ എത്തും. ഭൂരിഭാഗം പേരും വിദ്യാര്‍ഥികളാണ്. ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇവരുടെ രക്ഷാദൗത്യം ശ്രമകരമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പലസ്തീന്‍റെ പരമാധികാരം അംഗീകരിക്കുന്ന നയത്തില്‍ മാറ്റമില്ലെന്നും എന്നാല്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഒാപ്പറേഷന്‍ അജയ് ആരംഭിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനം അര്‍ദ്ധരാത്രിയോടെ ഇന്ത്യയിലേയ്ക്ക് തിരിക്കും. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ഇന്ത്യയുടെ സ്ഥാനപതികാര്യാലയവും രക്ഷാദൗത്യത്തില്‍ പങ്കാളികളാണ്. 18,000 ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ട്. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരും. ആവശ്യമെങ്കില്‍ വ്യോമസേന വിമാനങ്ങളും ഉപയോഗിക്കും.

ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തില്‍ പരുക്കേറ്റ മലയാളി ഷീജയുമായി വിദേശകാര്യമന്ത്രാലയം ആശയവിനിമയം നടത്തി. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല.