കുസാറ്റ് അപകടം: ക്യാംപസുകളിലെ ആഘോഷങ്ങളിൽ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും, മുഖ്യമന്ത്രി

മലപ്പുറം: ക്യാംപസുകളില്‍ വലിയ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ് കുസാറ്റില്‍ നടന്ന ദുരന്തം അടിവരയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കുമെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരി ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്. ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് പര്യടനം.

കളമശ്ശേരി കുസാറ്റ് ക്യാംപസിലെ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാറാ തോമസ് എന്ന കുട്ടിക്ക് താമരശ്ശേരി അല്‍ഫോന്‍സാ സ്കൂളില്‍ അന്ത്യോപചാരം അര്‍പ്പിച്ചുവെന്നും വ്യവസായ മന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സംഭവം അറിഞ്ഞയുടന്‍ കളമശ്ശേരിയിലേക്ക് പോയി അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.