കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ ഫോൺ പൊലീസ് അന്വേഷണ സംഘം പിടിച്ചെടുത്തു. കുട്ടിയുടെ അച്ഛൻ റെജിയുടെ ഫോണാണ് അന്വേഷണസംഘം കൊണ്ടുപോയത്. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന സ്ഥലത്തും ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. അടുത്തബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ സാധാരണപരിശോധനയാണോ അതോ മറ്റെന്തെങ്കിലും സൂചനയുടെ പുറത്ത് നടത്തിയ പരിശോധനയാണോ എന്നത് വ്യക്തമല്ല.


അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ വെട്ടിച്ച് പ്രതികള്‍ നടത്തിയ യാത്രകളും മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും വാഹനങ്ങള്‍ മാറിമാറി സഞ്ചരിച്ചതുമാണ് വെല്ലുവിളിയാകുന്നത്.
വ്യാഴാഴ്ച ആറുവയസ്സുകാരിയില്‍നിന്ന് അന്വേഷണസംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഘത്തില്‍ രണ്ടുസ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് കുഞ്ഞ് നല്കിയ മൊഴി. ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവെച്ചിരുന്നത്. ആറുവയസ്സുകാരിയില്‍നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുസ്ത്രീകളുടെയും ഒരുപുരുഷന്റെയും പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ഇത് പോലീസ് പുറത്തുവിടും.























