തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരത്തെത്തിച്ചു. ആടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചത്. രാഹുലിന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി.

അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വിഡി സതീശന് പറഞ്ഞു. പ്രതിഷേധം വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് നടത്തും. ഇതിനിടെ ചവറ പൊലീസ് സ്റ്റേഷന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ബെന്നി ബെഹ്നാന്, ഷാഫി പറമ്പില്‍ എഎല്‍എ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തിലെ പൊലീസ് രാജിന്റെ ഉദാഹരണമെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. സര് സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി ആരോപിച്ചു.

























