മോഷണശ്രമത്തിനിടെ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് നിയമവിദ്യാർത്ഥിനിയായിരുന്ന നിമിഷാ തമ്പിയെ വീട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷ. മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ് ബിജു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയ്ക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞതായി കോടതി കണ്ടെത്തി. പറവൂർ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്പുനാട് അന്തിനാട് നിമിഷാ തമ്പിയെയാണ് മോഷണശ്രമത്തിനിടെ മൂർഷിദാബാദ് സ്വദേശിയായ പ്രതി കൊലപ്പെടുത്തിയത്. തന്റെ വല്യമ്മയുടെ മാല പ്രതി മോഷ്ടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. കുട്ടിയുടെ വല്യച്ഛനേയും പ്രതി കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.