കാട്ടാന ആക്രമണം; അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു; മാനന്തവാടിയിൽ ഹര്‍ത്താല്‍

വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധം ശക്തമാക്കി നാട്ടുകാര്‍. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.കോഴിക്കോട്, മൈസൂരു, തലശ്ശേരി റോ‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ ആശുപത്രിയിലേക്ക് നടന്നുപോകാനാവശ്യപ്പെട്ടു.

ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 42 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.