തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയുടെ തിരോധാനത്തിൽ മൂന്ന് ടീമുകളായി അന്വേഷണം നടക്കും. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ഷാഡോ സംഘത്തെയും അന്വേഷണത്തിന് വിന്യസിച്ചു. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളിലും കന്യാകുമാരിയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകലാണോയെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു.

നിലവിൽ സിസിടിവികൾ പരിശോധിക്കുകയാണ്. കുട്ടിയെ കാണാതായിട്ട് പത്ത് മണിക്കൂർ പിന്നിട്ടു. കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു. 0471 2743 195 എന്ന നമ്പറിലോ 112 എന്ന നമ്പറിലോ വിവരങ്ങൾ അറിയിക്കാവുന്നതാണ്.


കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശികളായ നാടോടി ദമ്പതികളായ അമർദ്വീപ് റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ 2 മുതൽ കാണാതായത്.























