നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എം എൻ തുളസിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിന് സമീപം ഉണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് കൊത്തി താഴെയിട്ടതോടെ സിറ്റൗട്ടിൽ ഇരുന്ന തുളസിയെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു.

മുത്തശ്ശിയുടെ കരച്ചിൽ കേട്ട് രക്ഷിക്കുവാനായി ഓടിയെത്തിയ കൊച്ചുമക്കളായ അതുലിനും അമലിനും തേനീച്ചയുടെ കുത്തേറ്റു. തുടർന്ന് നാട്ടുകാർ എത്തിയാണ് തുളസിയെ തേനീച്ച കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാത്രിയോടുകൂടി മരണം സംഭവിച്ചു.