തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ യുവഡോക്ടർ അഭിരാമിയുടെ (30) ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്.
മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതുകൊണ്ട് സ്വയം അവസാനിപ്പിക്കുന്നുവെന്നുമാണ് കുറിപ്പില്‍.അഭിരാമി വാടകയ്ക്ക് താമസിച്ചിരുന്ന മെഡിക്കല്‍ കോളജിനടുത്തുള്ള പി.ടി. ചാക്കോ നഗറിലെ ഫ്ലാറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മറ്റ് കാരണങ്ങളൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റെസിഡന്റായിരുന്ന വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ ചൊവ്വാഴ്ച വൈകുന്നേരമാണ് ജീവനൊടുക്കിയത്. ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ അനസ്തേഷ്യ മരുന്നു കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് അഭിരാമി വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. അഭിരാമിക്ക് ജീവനൊടുക്കാൻമാത്രമുള്ള പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വെള്ളനാട് അഭിരാമത്തില്‍ ബാലകൃഷ്ണൻ നായർ – രമാദേവി ദമ്ബതികളുടെ ഏകമകളാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.























