തൃശ്ശൂർ: അധിക്ഷേപ പരാമർശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആർഎല്‍വി രാമകൃഷ്ണൻ. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടി ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.

വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.


ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആർഎല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ അധിഷേപ പരാമർശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. ആർഎല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്മുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു അധിക്ഷേപ പരാമർശങ്ങള്‍. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രംഗത്ത് വന്നത്.
പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് സത്യഭാമ രംഗത്തെത്തിയതോടെ വലിയ പിന്തുണയാണ് രാമകൃഷ്ണന് ലഭിക്കുന്നത്. കേവലം നിറത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇത്തരം വിവേചനങ്ങളെന്നും ജാതിയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്നും കലാസാംസ്കാരി രംഗത്തുള്ളവർ പറയുന്നു.























