നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അര്‍ജുന് വധശിക്ഷ

കല്‍പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ ഏകപ്രതിയായ അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് കോടതി യാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2021ലാണ് നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് വൃദ്ധ ദമ്പതികളെ അര്‍ജുൻ കൊലപ്പെടുത്തിയത്.

ഇതേ നാട്ടുകാരൻ തന്നെയാണ് അര്‍ജുൻ. 2021 ജൂണ്‍ പത്തിന് രാത്രിയിലാണ് സംഭവം. മോഷണശ്രമത്തിനിടെ ഇരുവരെയുംഅര്‍ജുൻ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

ഇതിനിടെ കസ്റ്റഡിയില്‍ വച്ച് അര്‍ജുൻ എലിവിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. എങ്കിലും അന്വേഷണത്തിനൊടുവില്‍ അര്‍ജുൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിക്കലിന് 6 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.