കോട്ടയത്ത് യുവാവിനെ സിമന്റ് മിക്‌സിംഗ് പ്ലാന്റിലിട്ട് കൊന്ന് മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി; പ്രതി അറസ്റ്റില്‍

കോട്ടയം: വാകത്താനത്ത് അസം സ്വദേശിയെ സിമന്റ് മിക്‌സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ലേമാന്‍ കിസ്‌കിനെ (19)യാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിലാണ് ലേമാന്റെ മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാണ്ടി ദുരൈ അറസ്റ്റിലായത്. വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് അറിയുന്നത്.

ഏപ്രില്‍ 26ന് ജോലിക്ക് എത്തിയ ലേമാന്‍ കിസ്‌ക് മിക്സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മെഷീനുള്ളില്‍നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയില്‍ തള്ളി. ഇതിനുശേഷം കമ്പനിയില്‍ നിന്ന് സ്ലറി വേസ്റ്റ് ടിപ്പറിലാക്കിക്കൊണ്ട് വേസ്റ്റ് കുഴിയില്‍ തള്ളുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷമാണ് കൈ ഉയര്‍ന്ന നിലയില്‍ വേസ്റ്റ് കുഴിക്കുള്ളില്‍ ലേമാന്റെ മൃതദേഹം കണ്ടെത്തുന്നത്. കമ്പനിയിലെ ഇലക്ട്രീഷ്യന്‍ വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.