അര്‍ജുനായുള്ള തിരച്ചില്‍ : മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി

ബെംഗളുരു: കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്.

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.