വയനാട് ഉരുള്‍പൊട്ടല്‍; 5 കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ: വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ നല്‍കുന്നുവെന്ന് എം കെ സ്റ്റാലിൻ അറിയിച്ചു, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു.
രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ 5 കോടി രൂപ നൽകുന്നു. IAS ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങൾ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്‌ക്യൂ സർവീസസ് ടീമിനെയും അയയ്‌ക്കുന്നുണ്ട്.

പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.