വയനാട് ദുരന്തം: സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്‌ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു.

വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ച മുണ്ടക്കൈയിലും അട്ടമലയിലും ചൂരല്‍മലയിലുമാണ് ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ചത്. ഇതുവരെ 93 പേരാണ് മരിച്ചത്.