ചേര്‍ത്തലയില്‍ ഗര്‍ഭിണിയാണെന്ന് യുവതി മറച്ചുവച്ചു, കുട്ടികളില്ലാത്തവര്‍ക്ക് കൈമാറിയെന്നത് നുണ; കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാകാൻ സാധ്യത എന്ന് പൊലീസ്. കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കുട്ടികളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞത് നുണയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്നു യുവതി വെളിപ്പെടുത്തിയതായി ആശാപ്രവര്‍ത്തകര്‍ പറയുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഡിസംബർ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയിൽ നിന്നും വിട്ട ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാൻ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാർഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഷിൽജ അറിയിച്ചതനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്.