ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ അമ്മയും ആൺസുഹൃത്തും ചേര്ന്ന് കൊ*ലപ്പെടു*ത്തിയതെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചു കൊല*പ്പെടു*ത്തിയ കുഞ്ഞിനെ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയെന്നാണു മൊഴി. പൊലീസ് ഇവിടെ കുഴിച്ചു പരിശോധിക്കുന്നു.

കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകം വെളിപ്പെട്ടത്.


ചേർത്തലയിലെ പള്ളിപ്പുറം സ്വദേശിനിയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പൊലീസിൽ പരാതിപ്പെടുന്നത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവർത്തകർ വീട്ടിൽ ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു യുവതിയുടെ മറുപടി. പിന്നീട് ആശാപ്രവർത്തകർ അറിയച്ചതു പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിൽ എത്തുന്നത്. കുഞ്ഞിന്റെ അമ്മയിൽ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.























