തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങുകളെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ. കുരങ്ങുകൾ ചാടിപ്പോയതിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ മഞ്ജുള ദേവി പ്രതികരിച്ചു.

രാവിലെ 8.45 ഓടെയാണ് കുരങ്ങുകൾ ചാടിയത്. രാത്രിയിലെ കനത്ത മഴയിൽ മുളങ്കൂട്ടം താഴ്ന്നു വന്നിരുന്നു അതിലൂടെയാണ് കുരങ്ങുകൾ പുറത്തേക്ക് കടന്നത്. ഒരു ആൺകുരങ്ങ് കൂട്ടിലുണ്ടെന്നും അതുകൊണ്ട് പുറത്ത് പോയ പെൺ കുരങ്ങുകൾ സ്വാഭാവികമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡയറക്ടർ പറഞ്ഞു. കുരങ്ങുകളെ ബലം പ്രയോഗിച്ചു തിരികെ എത്തിക്കാൻ ശ്രമിക്കില്ലെന്നും പി മഞ്ജുളാദേവി വിശദമാക്കി.


മൃഗശാല പരിസരത്ത് തന്നെയുണ്ടെന്നും തിരികെയെത്തിക്കാൻ ശ്രമം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു. രാവിലെ തീറ്റയുമായി എത്തിയപ്പോഴാണ് കുരങ്ങുകൾ കൂട്ടിലില്ലെന്ന കാര്യം മൃഗശാല അധികൃതർ അറിയുന്നത്. 3 പെൺകുരങ്ങുകളാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. മൃഗശാലക്കകത്തെ മരത്തിൽ കുരങ്ങുകളുണ്ടെന്നും തീറ്റ നൽകി ആകർഷിച്ച് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ പറഞ്ഞു.























