കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കണ്ടെന്ന വാര്‍ത്ത: പ്രതികരിച്ച് പ്രയാഗ മാര്‍ട്ടിന്റെ അമ്മ

നടി പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓംപ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി താരത്തിന്റെ അമ്മ. ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് നടിയുടെ അമ്മ ജിജി മാധ്യമങ്ങളോട് പറഞ്ഞു.

‍‘ഞാൻ പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. പ്രയാഗയ്ക്ക് ഇതൊന്നും അറിയുന്ന കാര്യങ്ങളല്ല’ ജിജി മാർട്ടിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പ്രയാഗയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ നടിയെ ലഭ്യമായിട്ടില്ല.

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സിനിമാതാരങ്ങളായ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ പരാമർശിക്കപ്പെട്ടത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന സംശയത്തെ തുടർന്ന് എറണാകുളം കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിൽ നിന്ന് ഗുണ്ടാനേതാവ് ഓംപ്രകാശിനെയും സുഹൃത്തിനെയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു.

പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാതാരങ്ങളുടെ പേരുകൾ ഉള്ളത്. ഇവർ ഓംപ്രകാശിനെ ഹോട്ടലിൽ എത്തി സന്ദർശിച്ചെന്നാണ് ആരോപണം.