എന്തെങ്കിലും വഴികളിൽ കൂടി കുടുംബം പോറ്റേണ്ട അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല; മിനു മുനീറിന് മറുപടിയുമായി ബീന ആന്റണി

സമൂഹ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ച നടി മീനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. ഇൻഡസ്ട്രിയിൽ വന്ന കാലം മുതൽ അവസരങ്ങൾക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോൾ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങൾ കിട്ടിയതെന്നും ബീനാ ആന്റണി പറയുന്നു. ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.

നേരത്തെ ബീന ആന്റണിയുടെ ഭർത്താവ് മനോജ് ഒരു വിഡിയോയിൽ മീനു മുനീറിനെ വിമര്‍ശിച്ചെത്തിയിരുന്നു. ഇതിനു മറുപടിയായി, ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാൻ നടക്കുകയാണ് ഇയാൾ’ എന്നാണ് മീനു മുനീർ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കിൽ വിഡിയോ പങ്കുവയ്ക്കാമെന്നും മീനു മുനീർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ബീനാ ആന്റണി രംഗത്തു വന്നിരിക്കുന്നത്.

ബീന ആന്റണിയുടെ വാക്കുകൾ:

‘‘ഞാനിപ്പോൾ വന്നത് ഒരു പുതിയ സംഭവത്തെക്കുറിച്ച് സംസാരിക്കാനാണ്. ഒരു വിഡിയോ പുതിയതായിട്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ എന്റെ പേര് പറഞ്ഞ് എന്നെ മെൻഷൻ ചെയ്തുകൊണ്ട് വളരെ മോശമായിട്ട് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഹേമ കമ്മിഷനും അതുമായിട്ട് ബന്ധപ്പെട്ട ചൂടു പിടിച്ചിട്ടുള്ള കുറെ കാര്യങ്ങളൊക്കെ വന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാം നല്ലതിന് തന്നെയാണ്. പക്ഷേ അതിന്റെ ഇടയിൽ കൂടി നമ്മുടെ ഇൻഡസ്ട്രിയെ തകർക്കാനും കുറെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് വിഡിയോസ് ഒക്കെ കാണുമ്പോഴും അറിയാം. നമ്മൾ എല്ലാവരും വളരെ വിദ്യാസമ്പന്നരും പ്രബുദ്ധരുമായ ജനങ്ങളാണ്. നെല്ലും പതിരും ഒക്കെ കണ്ടാൽ തിരിച്ചറിയാനൊക്കെ പറ്റും. അതുകൊണ്ട് എന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ എന്ന സംശയം കൊണ്ടല്ല ഞാൻ ഇത് പറയുന്നത്. നമ്മളെ ക്രൂശിക്കാനായിട്ടും നമ്മുടെ പുറകെ കല്ലെറിയാനായിട്ടും കുറെ പേരൊക്കെ നടക്കുന്നുണ്ട്. എന്നെ മനസ്സിലാക്കുന്നവർ അതൊന്നും വിശ്വസിക്കില്ല എന്ന് എനിക്കറിയാം.

നടി ആയിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറക്കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിട്ട് വർഷങ്ങൾ കുറെ ആയി. ഞാൻ വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അംഗീകാരങ്ങൾ ഒക്കെ കിട്ടിയതാണ്. സ്റ്റേറ്റ് അവാർഡ് രണ്ടുമൂന്നു വർഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. അതല്ലാതെ എന്നെ പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കുറെ പിന്നാമ്പുറക്കഥകൾ പറഞ്ഞിട്ട് ആർട്ടിസ്റ്റ് ആയ ആളല്ല ഞാൻ.