‘സന്ധ്യക്കും മക്കൾക്കും സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്, കടബാധ്യത ഇന്ന് തീർക്കും

കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരിൽ ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കടം തീർക്കാെൻ ലുലു ഗ്രൂപ്പ് പണം നൽകി. 8.25 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് സുമനസ്സുകളായിട്ടുള്ളവരും സാമ്പത്തിക സഹായം നൽകുന്നുണ്ട്.

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു 2019ൽ ഇവർ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനാൽ സന്ധ്യയ്ക്ക് തുക തിരിച്ചടക്കാൻ സാധിച്ചില്ല. നാല് തവണ മുന്നറിപ്പ് നൽകിയിട്ടും തുക തിരിച്ചടക്കാത്തതു കൊണ്ടാണ് നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.

തിങ്കളാഴ്ച രാവിലെയാണ് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ബാങ്ക് അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി താഴ് തകർത്ത് പുതിയ താഴിട്ട് പുട്ടുകയായിരുന്നു. ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നില്ല. സന്ധ്യ പറവൂരിലെ ഒരു ടെക്‌സ്‌റ്റൈൽസിൽ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്തി. കുട്ടികൾ സ്‌കൂളിലുമായിരുന്നു.

സംഭവമറിഞ്ഞ് സ്‌കൂളിൽനിന്ന് കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്തുക്കളും വീടിന്റെ അകത്തായിരുന്നു. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ രാത്രിവരെ വീടിന് പുറത്തുതന്നെ ഇരുന്നിരുന്നു. ഒടുവിൽ ലുലു ഗ്രൂപ്പ് പണം നൽകുമെന്നറിയിച്ചതോടെ ഇന്നലെ രാത്രിയോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ എത്തി വീട് തുറന്ന് നൽകി. സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കിൽ പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കും.