‘എമ്പുരാനി’ലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടു. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘എംപറേഴ്സ് ജനറൽ’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റർ. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാമിന്റെ വലം കൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി സിനിമയിൽ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സിനിമയെക്കുറിച്ച് ഈ അടുത്ത് സംഗീത സംവിധായകൻ ദീപക് ദേവ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്പോട്ട് എഡിറ്ററുടെ കയ്യിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നാണ് ദീപക് ദേവ് പറഞ്ഞത്. ‘സ്പോട്ട് എഡിറ്റിൽ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ വിഷ്വൽ മാത്രം വെച്ച് മ്യൂസിക് ചെയ്താൽ അവസാനത്തെ കട്ട് ആണെന്ന് ആളുകൾ ചിലപ്പോൾ വിശ്വസിച്ചുപോകും,’ എന്നായിരുന്നു ദീപക് ദേവ് പറഞ്ഞത്.

അതേസമയം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനത്തിനെത്തും. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

























