മമ്മൂട്ടിയെ കാണാൻ ഉറ്റവനില്ലാതെ ശ്രുതി കൊച്ചിയിൽ എത്തി. സമൂഹവിവാഹത്തിൽ അതിഥിയായി പങ്കെടുത്ത ശ്രുതി മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസൻറെ കഥ അറിഞ്ഞ മമ്മൂട്ടി, തൻറെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങിൽ ശ്രുതിയെയും ജെൻസനെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയിൽ ആണ് ജെൻസൺ കാറപകടത്തിൽ മരണമടയുന്നത്.

‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നപ്പോൾ ശ്രുതി അതിഥിയായി എത്തി. ശ്രുതിക്കായി കരുതി വച്ചതെല്ലാം നേരിട്ട് ഏൽപ്പിക്കണം എന്നായിരുന്നു മമ്മൂട്ടിയുടെ നിർദേശം. അതിന് വേണ്ടിയ ക്രമീകരണങ്ങൾ സമദ് ഒരുക്കി. മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു. ‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ എന്നാണ് ശുതിയെ ചേർത്തുനിർത്തി മമ്മൂട്ടി പറഞ്ഞത്.

























