തഗ്ഗിന് വേണ്ടിയല്ല അങ്ങനെ സംസാരിക്കുന്നത്, നിഖില എന്ന വ്യക്തി അങ്ങനെയാണ് ; നസ്‌ലെൻ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. പലപ്പോഴും നടിയുടെ രസകരമായ സംസാരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അഭിമുഖങ്ങളിൽ ചില ചോദ്യങ്ങൾക്ക് നിഖില നൽകുന്ന ഉത്തരങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷിക്കാറുള്ളത്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തിൽ മറുപടി നൽകുന്നതിനാൽ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യൽ മീഡിയ നിഖിലയ്ക്ക് നൽകിയിട്ടുണ്ട്. ചിലർ നിഖിലയുടെ ഈ തഗ് കമന്റുകളെ പരിഹസിക്കുകയും ട്രോളാക്കി മാറ്റുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ നിഖിലയ്ക്ക് പിന്തുണ നൽകിയിരിക്കുകയാണ് നടൻ നസ്‌ലെൻ. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്‌ലെൻ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

‘ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പംമുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടർ ഇനി മാറ്റാൻ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ വേദനിപ്പിക്കാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങൾ മറച്ചുവെയ്ക്കാതെ സ്‌ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.’-നസ്‌ലെൻ പറയുന്നു.

ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നസ്‌ലെൻ. നവംബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതുവരെ മൂന്ന് ചിത്രങ്ങളിലാണ് നസ്‌ലെനും നിഖിലയും ഒരുമിച്ച് അഭിനയിച്ചത്. ജോ ആന്റ് ജോയാണ് ഇരുവരും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. അയൽവാശി, 18+ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു.